'പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല'; പ്രിയദര്‍ശിനി ബസിൽ വിദ്യാർത്ഥിനിയോട് അധിക്ഷേപം, കണ്ടക്ടർക്ക് സസ്പെൻഷൻ
ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് സസ്പെൻഷൻ. എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 'പ്രിയദർശിനി' ബസിലെ കണ്ടക്ടർക്കെതിരെയാണ് വിജിലൻസ് അന്വേഷണത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സി. സി.എം.ഡി. സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
ശനിയാഴ്ച ഗുരുവായൂർ - എറണാകുളം റൂട്ടിൽ ഓടുന്ന ബസിൽ വെച്ച് വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം. ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് പറഞ്ഞ കണ്ടക്ടർ "പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല" എന്ന് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. മറ്റ് ചില യാത്രക്കാരോടും ഇയാൾ മോശമായി പെരുമാറിയതായി പരാതിയിൽ വ്യക്തമാക്കുന്നു. പറവൂർ പൊലീസിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ കെ.എസ്.ആർ.ടി.സി. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടക്ടറുടെ വീഴ്ച സ്ഥിരീകരിച്ചത്.
യാത്രക്കാരുടെ സുരക്ഷയിലും അവകാശങ്ങളിലും വിട്ടുവീഴ്ചയില്ലെന്നും ജീവനക്കാർ മാന്യമായി പെരുമാറണമെന്നും വ്യക്തമാക്കിയ കെ.എസ്.ആർ.ടി.സി. സി.എം.ഡി. ഡോ. പി. എസ്. പ്രമോജ് ശങ്കർ, തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.