യുവസംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു; വിയോഗം ആദ്യ വെബ് സീരീസ് 'കാപ്പി സ്ക്വാഡ്' റിലീസായതിന് പിന്നാലെ
യുവ സംവിധായകൻ ബെൽരാജ് കളരിക്കൽ (28) അന്തരിച്ചു. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച 'കാപ്പി സ്ക്വാഡ്' എന്ന വെബ് സീരീസിന്റെ സംവിധായകനാണ്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം മണിമല സ്വദേശിയാണ്.
സീരീസിന്റെ ഷോ ഡയറക്ടർ ശ്രീകാന്തിനൊപ്പമാണ് ബെൽരാജ് ഹോട്ടലിൽ തങ്ങിയിരുന്നത്. ഹോട്ടൽ മുറിയുടെ കോളിങ് ബെൽ അടിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഒക്ടോബർ 15-നാണ് ബെൽരാജ് സംവിധാനം ചെയ്ത 'കാപ്പി സ്ക്വാഡ്' വെബ് സീരീസ് പുറത്തിറങ്ങിയത്. റിനോഷ് ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കോമഡി ഡ്രാമ സീരീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. 'നിഴൽ', 'മധുരം', 'ഡാകിനി' എന്നീ സിനിമകളിൽ അസിസ്റ്റന്റ്, അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ബെൽരാജ് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിവാഹിതനായത്. മണിമല കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ്.