യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സ്വന്തം ഓഫീസിൽ മരിച്ച നിലയിൽ
കാസർകോട് യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയിനാച്ചി കോളങ്കുന്നിൽ ഹരികൃഷ്ണൻ (32) ആണ് മരിച്ചത്. പൊയിനാച്ചിയിൽ വിദ്യാഭ്യാസ റിക്രൂട്ടിങ് ഏജൻസി നടത്തിവരികയായിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കാണാനില്ലായിരുന്നു.
രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഓഫീസിന്റെ രണ്ടാം നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജനാർദ്ദനന്റെയും രമയുടെയും മകനാണ് ഹരികൃഷ്ണൻ. ഒരു സഹോദരനുണ്ട്. സംഭവത്തിൽ മേൽപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവനത്തിനായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ഡിഷാ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471 2552056).