വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞതിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

 

ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ വഴി തടഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് മാർച്ച് നടത്തി. വനിതാ പ്രവർത്തകരടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. പോലീസിനുനേരെ കല്ലേറും മറ്റുമുണ്ടായി. ഇതോടെ പോലീസ് ജല പീരങ്കിയും ലാത്തിചാർജും നടത്തി. ബാരിക്കേഡിന് മുകളിലേക്കും മറ്റു യൂത്ത് കോൺഗ്രസ് പ്രവർത്തർ തീപ്പന്തം എറിയുകയുമുണ്ടായി.

രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ന് ഉച്ചയ്ക്ക് ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വഴിതടഞ്ഞത്. ഷാഫിക്കും കൂടെയുള്ളവർക്കും നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ തെറി പ്രയോഗം നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. കാറിൽനിന്നിറങ്ങി ഷാഫി പറമ്പിൽ റോഡിലിറങ്ങിയത് നാടകീയ രംഗങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു.