ജര്മനിയില് 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള് പിടിയില്
ജര്മ്മനിയില് ഹ്യൂമനോയ്ഡ് റോബോട്ട് ഉപയോഗിച്ച് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. പതിനാറുകാരനും ഇയാളുടെ സഹോദരനും പിടിയിലായി. ജര്മനിയിലെ കൊളോണില് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപത്താണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള് പകര്ത്തി സോഷ്യല് മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്തതായും റിപ്പോര്ട്ടുകളുണ്ട്.
ശനിയാഴ്ച അര്ധരാത്രിക്ക് തൊട്ടുമുമ്പ് പടിഞ്ഞാറന് ജര്മന് നഗരമായ കൊളോണില് സുഹൃത്തുക്കള്ക്കൊപ്പം ഉണ്ടായിരുന്ന 16കാരിയുടെ അടുത്തേക്ക് ഏകദേശം നാലടി ഉയരമുള്ള റോബോട്ട് എത്തിയതായാണ് പൊലീസ് നല്കുന്ന വിവരം. ചുവപ്പും സ്വര്ണനിറവും കലര്ന്ന റോബോട്ട് പെണ്കുട്ടിയെ പിടിച്ചുവലിക്കുകയും ശരീരത്തില് മോശമായി സ്പര്ശിക്കുന്ന തരത്തിലുള്ള ചലനങ്ങള് നടത്തുകയും ചെയ്തെന്നാണ് ആരോപണം. സോഷ്യല് മീഡിയയില് പ്രചരിക്കുന്ന ദൃശ്യങ്ങളില് റോബോട്ട് പെണ്കുട്ടിയുടെ അടുത്തേക്ക് നീങ്ങുന്നതും പെണ്കുട്ടി നിലവിളിച്ച് പിന്നിലേക്ക് മാറുന്നതും കാണുന്നതായി റിപ്പോര്ട്ടുകളുണ്ട്.