ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ പീഡിപ്പിച്ചു
ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പാര്‍ക്കിനുള്ളില്‍ വെച്ച് പൊലീസുകാരെന്ന് പറഞ്ഞ് മൂന്നുപേര്‍ ചേര്‍ന്ന് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.തെക്കന്‍ ഡല്‍ഹിയിലെ കാല്‍കാജി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ പെണ്‍കുട്ടി 17 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പം കാല്‍കാജി ക്ഷേത്രത്തില്‍ പോയിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇരുവരും ക്ഷേത്രത്തിന് സമീപമുള്ള പാര്‍ക്കിലേക്ക് പോയി. അവിടെ വെച്ച് 25-നും 30-നും ഇടയില്‍ പ്രായമുള്ള പ്രതികള്‍ തങ്ങള്‍ക്ക് അടുത്തെത്തിയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
പൊലീസുകാരെന്ന് പറഞ്ഞ പ്രതികള്‍ ആണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രതികളിലൊരാള്‍ തോക്കും കത്തിയും കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളും ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും, തുടരന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.