കുറ്റ്യാടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

 

കോഴിക്കോട് കുറ്റ്യാടിയിൽ നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തൊട്ടിൽപ്പാലത്ത് നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വളവ് കയറി വന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനിൽകുടുങ്ങിക്കിടന്ന ഡ്രൈവറെ നാദാപുരം ചേലക്കാട് നിന്നും ഫയർഫോഴ്സ് എത്തി ലോറിയുടെ ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇതിൽ 15 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.