കോവളം ബീച്ചിൽ റഷ്യൻ സ്വദേശിയായ 13-കാരന് തെരുവ് നായയുടെ കടിയേറ്റു
വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് വീണ്ടും തെരുവ് നായ ആക്രമണം. ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കാനിറങ്ങിയ 13 വയസ്സുകാരനായ റഷ്യൻ സ്വദേശി ഇഗ്നറ്റേവിനാണ് നായയുടെ കടിയേറ്റത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുട്ടിയുടെ വലതുകൈയ്ക്കാണ് പരിക്കേറ്റത്.
അമ്മ ടാറ്റിയാനയ്‌ക്കൊപ്പം കടലിൽ കുളിക്കാനായി എത്തിയതായിരുന്നു ഇഗ്നറ്റേവ്. ഈ സമയത്ത് ബീച്ചിലുണ്ടായിരുന്ന നായ പ്രകോപനമില്ലാതെ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ലൈഫ് ഗാർഡുകൾ ഓടിയെത്തുകയും കുട്ടിയെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോവളത്ത് വിദേശ വിനോദസഞ്ചാരികൾക്ക് നേരെ തെരുവ് നായ ആക്രമണം പതിവാകുന്നത് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാരും വ്യാപാരികളും പരാതിപ്പെടുന്നു. തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.