നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ ഗേറ്റ് തകർന്ന് വീണു
നവീകരിച്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പ്രവേശ കവാടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഗേറ്റ് തകർന്നു വീണു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒട്ടേറെ പേർ ചേർന്നു ഗേറ്റ് എടുത്തുയർത്താൻ ശ്രമിച്ചിട്ടും അതിനു സാധിച്ചില്ല.
ബാനർജി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് പുതിയ ഗേറ്റുകൾ സ്ഥാപിച്ചത്. വിവാദമായ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതിയ കവാടം നിർമിക്കുകയും ഇതിനു ഗേറ്റ് സ്ഥാപിക്കുകയായുമായിരുന്നു. ഇരു ഭാഗങ്ങളിലും 2 പാളികൾ വീതമുള്ള കൂറ്റൻ ഗേറ്റുകളാണ് പ്രവേശന കവാടത്തിൽ സ്ഥാപിച്ചത്. ഇതിൽ സ്റ്റേഡിയത്തിൽ നിന്നു മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിൽ ഒന്നാണ് തകർന്നു വീണത്. മുകളിലെ ക്ലാമ്പിൽ നിന്നു ഭാരം താങ്ങാൻ സാധിക്കാതെ പൊട്ടി വീണതാകാമെന്നാണ് നിഗമനം.