സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്
സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിൽ അഭ്യർഥിച്ചു. 4,068 കിലോലിറ്റർ മണ്ണെണ്ണയാണു നിലവിൽ ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്നാണു ആവശ്യം. സാമ്പത്തിക ദുർബലവിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, മറ്റു പിന്നാക്കവിഭാഗങ്ങൾ എന്നിവർ സബ്സിഡി മണ്ണെണ്ണ ആശ്രയിക്കുന്നതിനാൽ, സംസ്ഥാന സർക്കാരിന് വിതരണഅളവ് 0.5 ലിറ്ററിൽ നിന്ന് ഒരുലിറ്ററായി വർധിപ്പിക്കാതെ മറ്റു മാർഗമില്ല.
തീരദേശ, കുന്നിൻ പ്രദേശങ്ങൾ, വിദൂര നാടുകൾ എന്നിവിടങ്ങളിൽ ഗാർഹിക ആവശ്യങ്ങൾക്കായി മണ്ണെണ്ണയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തിൽ ഗണ്യമാണ്. എൽപിജി വിതരണനിയന്ത്രണം മൂലം മണ്ണെണ്ണയ്ക്കും മറ്റു പാചകഇന്ധനങ്ങൾക്കും ആവശ്യം വർധിച്ചു. സംസ്ഥാനത്ത് 95.5 ലക്ഷം റേഷൻ കാർഡ് ഉടമകളുണ്ട്. 2026-27 ലെ ആദ്യപാദത്തിൽ 5496 കെഎൽ അധികവിഹിതം അനുവദിക്കണമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ കേന്ദ്ര സർക്കാരിനോട് നേരത്തെ അഭ്യർഥിച്ചിരുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ കേരളം കടുത്ത മണ്ണെണ്ണ ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. മുമ്പു ലഭിച്ചിരുന്ന 56.76 ലക്ഷം ലിറ്ററിൽ നിന്ന് ഇത്തവണ ഒക്ടോബർ-ഡിസംബർ പാദത്തിലും വിഹിതം 40.68 ലക്ഷം ലിറ്ററായി തന്നെ കേന്ദ്രം പരിമിതപ്പെടുത്തി. ഇതിലൂടെ ആകെ 16.08 ലക്ഷം ലിറ്ററിന്റെ കുറവാണു സംസ്ഥാനത്തിനുണ്ടായത്. നിലവിലെ വിഹിതം അനുസരിച്ച് 5.94 ലക്ഷം വരുന്ന മഞ്ഞ കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലിറ്റർ വീതവും, പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അര ലിറ്റർ വീതവുമാണു മണ്ണെണ്ണ നൽകുന്നത്. എന്നാൽ വിഹിതം പകുതിയോളം കുറഞ്ഞതോടെ എല്ലാ കാർഡുടമകൾക്കും ഇതു ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.