തൃക്കരിപ്പൂരിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതും'; നന്ദി പറഞ്ഞ് സന്ദീപ് വാര്യര്‍

 
വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതും എന്നതില്‍ സംശയമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍. ഈ പോരാട്ടത്തില്‍ തന്നോടൊപ്പം നിന്ന ഓരോ പ്രവര്‍ത്തകന്റെയും മുഖം മനസ്സിലുണ്ടെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ജാതി-മത-കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി എന്നെ സ്വീകരിച്ച സഹോദരങ്ങള്‍ക്കും, ആവേശം പകര്‍ന്നു നല്‍കിയ പ്രവര്‍ത്തകര്‍ക്കും, പിന്തുണയുമായെത്തിയ എല്ലാ നേതാക്കള്‍ക്കും ഒരായിരം നന്ദി. തൃക്കരിപ്പൂരിന്റെ വികസനത്തിനായും നാടിന്റെ നന്മയ്ക്കായും നമുക്ക് തുടര്‍ന്നും ഒരുമിച്ച് നില്‍ക്കാം. തൃക്കരിപ്പൂരിന്റെ മണ്ണില്‍ സ്ഥാനാര്‍ത്ഥിയായി കാലുകുത്തിയ നിമിഷം മുതല്‍ എന്നെ പൊതിഞ്ഞ ആവേശവും സ്‌നേഹവായ്പും വാക്കുകള്‍ക്ക് അതീതമാണ്. ഓരോ ചുവടിലും നിങ്ങള്‍ നല്‍കിയ ആത്മവിശ്വാസം ഈ പോരാട്ടത്തില്‍ എനിക്ക് കരുത്തായി മാറി. വിയര്‍പ്പുതുള്ളികളെപ്പോലും സ്‌നേഹത്തിന്റെ പൂമഴയായി മാറ്റിയ പ്രിയപ്പെട്ട തൃക്കരിപ്പൂരുകാര്‍ക്ക് ആദ്യമേ നന്ദി പറയട്ടെ- സന്ദീപ് വാര്യര്‍ പറഞ്ഞു.