അഭിമന്യു കൊലക്കേസ്: പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു; കുറ്റം നിഷേധിച്ചു പ്രതികൾ

 

 

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രതികൾ കുറ്റം നിഷേധിച്ചു. കേസ് വീണ്ടും ഈ മാസം 24ന് പരിഗണിക്കും. വിചാരണ നടപടികൾ എന്നു തുടങ്ങുമെന്ന കാര്യം അന്നായിരിക്കും തീരുമാനിക്കുക. പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തിയിട്ടും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താത്തവരുടെ വിവരങ്ങളും മറ്റ് അനുബന്ധ തെളിവുകളും ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.ദീർഘനാളായി നീണ്ടുപോയ വിചാരണ നടപടികൾക്കാണ് ഇതോടെ വീണ്ടും ജീവൻ വച്ചിരിക്കുന്നത്. കേസിലെ പ്രധാനപ്പെട്ട ചില രേഖകൾ കാണാതായ സംഭവം നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ, നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് വിചാരണ നടപടികൾ വേഗത്തിലാക്കാൻ കോടതി നിർദേശിക്കുകയുമായിരുന്നു. കുറ്റപത്രം തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി മുഹമ്മദ് നൽകിയ ഹർജിയും മറ്റ് ആറ് പ്രതികളുടെ വിടുതൽ ഹർജികളും കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്.