വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി
തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂര്‍ ആര്‍ഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടത്തില്‍ 14 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ 23 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന സമയത്ത് ഏകദേശം 30-നും 40-നും ഇടയില്‍ ആളുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ നല്‍കുന്ന വിവരം. ഇവരില്‍ ചിലര്‍ വെള്ളം കുടിക്കാനും മറ്റുമായി പ്രദേശത്ത് നിന്നും മാറിയിട്ടുണ്ടെന്നും വിവരമുണ്ട്. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി.