നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്ന് ഹർജി

 
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിൽ ആവശ്യപ്പെടുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് അതിജീവിത. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നാണ് ഹർജിയിലൂടെ അതിജീവിത ആവശ്യപ്പെടുന്നത്.