ഉറപ്പില്ലാതെ വലിയൊരു പ്രസ്ഥാനത്തിനൊപ്പം നിന്ന് മത്സരിക്കാൻ സാധിക്കില്ലെന്ന് നടി വീണ നായർ
ഉറപ്പില്ലാതെ വലിയൊരു പ്രസ്ഥാനത്തിനൊപ്പം നിന്ന് മത്സരിക്കാൻ സാധിക്കില്ലെന്ന് നടി വീണ നായർ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർഥിയായി വീണയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഇല്ലാത്തതിനാൽ വീണയ്ക്ക് മത്സരിക്കാനാകില്ല.
തനിക്ക് വിഷമവും ഖേദവുമുണ്ട്. കാരണം താൻ അത്രയും ആത്മാർഥമായി ആഗ്രഹിച്ച തിരഞ്ഞെടുത്ത തീരുമാനം ആയിരുന്നു ഇതെന്നും വീണ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
വീണ നായരുടെ വാക്കുകൾ
ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി 20 എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. വളരെ ഖേദത്തോടു കൂടി ഈ വാർത്ത ഞാൻ നിങ്ങളെ അറിയിക്കുകയാണ്. മറ്റാളുകൾ പറയുന്നതിന് മുൻപ് ഞാൻ തന്നെ എന്നെ പ്രതീക്ഷിച്ച് ഇരിക്കുന്ന ആളുകളോട് ഇക്കാര്യം പറയണമെന്ന് കരുതിയാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്.
ഇന്ന് രാവിലെ അമ്പലത്തിൽ പോയി തൊഴുത് വളരെ പ്രതീക്ഷയോടെ തന്നെയാണ് ഞാൻ ഏറ്റുമാനൂർ മണ്ഡലത്തിലെത്തിയതും ട്വന്റി 20യുടെ ആളുകളെ കാണുന്നതും ബിജെപിയുടെ ആളുകളെ കാണുന്നതുമൊക്കെ. അപ്പോഴാണ് വോട്ടേഴ്സ് ലിസ്റ്റിൽ ഞാൻ പേര് ചേർക്കാൻ കൊടുത്തിരുന്നത് അപ്രൂവൽ ആയിട്ടില്ല എന്ന കാര്യം ഞാൻ അറിയുന്നത്. അത് വളരെ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.
ഞാൻ കാൻഡിഡേറ്റ് ആണെന്ന് അറിഞ്ഞതിന് ശേഷം വേണ്ട കാര്യങ്ങളെല്ലാം നമ്മൾ ചെയ്തിരുന്നു. പക്ഷേ തീയതി 15 വരെയുണ്ടായിരുന്നള്ളൂ എന്ന കാര്യം വളരെ വൈകിയാണ് ഞാൻ അറിയുന്നത്. ശരിക്കു പറഞ്ഞാൽ ഇന്നാണ് അത് ഞാനറിയുന്നത് എന്ന് പറയുന്നതായിരിക്കും സത്യം. ഇതിന് മുൻപ് ഞാൻ വോട്ട് ചെയ്തിട്ടുള്ളത് ചങ്ങനാശേരിയിലാണ്. എന്റെ അഡ്രസിലും ചെറിയൊരു മാറ്റം വന്നിരുന്നു.
ഞാൻ പിന്നീട് ആദ്യം മുതൽ ചെയ്ത കാര്യങ്ങളിലുണ്ടായ കറക്ഷനാണ് പറ്റി പോയത്. താമസം വരാൻ കാരണം. കൊടുത്തു കഴിഞ്ഞാൽ നമ്പറും കാര്യങ്ങളുമൊക്കെ വരാൻ ഏഴ് ദിവസത്തോളം സമയമെടുക്കും. വോട്ടേഴ്സ് ലിസ്റ്റിൽ പേര് വരുമ്പോഴേക്കും നോമിനേഷൻ തീയതി കഴിയു. അത് പിന്നെ മറ്റു പ്രശ്നങ്ങളിലേക്ക് ഒക്കെ പോകും.
നമ്മുടെ പത്രിക തള്ളിക്കളയാനുള്ള സാധ്യതയും കൂടുതലാണ്. ഇതെല്ലാം കഴിഞ്ഞു വരുമ്പോൾ എല്ലാം ശരിയാകുമായിരിക്കും, പക്ഷേ അത് പറയാൻ പറ്റില്ല. ഉറപ്പില്ലാതെ വലിയൊരു പ്രസ്ഥാനത്തിനൊപ്പം നിന്ന് മത്സരിക്കാൻ നമുക്ക് സാധിക്കില്ല. ഇന്ന് കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കണ്ടിട്ടാണ് ഞാൻ ഏറ്റുമാനൂരിലേക്ക് പോകുന്നത്.