അദാനി വിമാനക്കമ്പനി തുടങ്ങില്ല; റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്

 

 

അദാനി ഗ്രൂപ്പ് വിമാന സർവീസിലേക്ക് കടക്കില്ല. വിമാനക്കമ്പനി തുടങ്ങുമെന്നും അതിന് അവസരമൊരുക്കാനായി നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചെന്നുമുള്ള റിപ്പോർട്ടുകൾ അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസ് നിഷേധിച്ചു. റിപ്പോർട്ടുകൾ വാസ്തവവിരുദ്ധവും പൂർണമായും തെറ്റുമാണെന്ന് കമ്പനി വ്യക്തമാക്കി.

അദാനി ഗ്രൂപ്പിന് നിലവിൽ മുംബൈ വിമാനത്താവള കമ്പനിയിൽ 74% ഓഹരി പങ്കാളിത്തമുണ്ട്. വിമാനത്താവള കമ്പനികളിൽ ഓഹരി പങ്കാളിത്തമുള്ളവർക്ക് വിമാന സർവീസ് കമ്പനികളിൽ 10 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം നേടാൻ ചട്ടം അനുവദിക്കുന്നില്ല. ഈ ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദാനി കേന്ദ്രസർക്കാരിനെ സമീപിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. കേന്ദ്രം അദാനിക്ക് അനുകൂലമായി നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു.

അതേസമയം വിമാനക്കമ്പനി തുടങ്ങാനുള്ള അദാനിയുടെ നീക്കത്തെ ശക്തമായി എതിർത്ത് എയർ ഇന്ത്യയും ഇൻഡിഗോയും രംഗത്തുവന്നിരുന്നു. വിമാനത്താവള നടത്തിപ്പുകാർതന്നെ വിമാനക്കമ്പനി തുടങ്ങുന്നത് വലിയ താൽപ്പര്യവൈരുദ്ധ്യമാണെന്ന് (കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്) ഇൻഡിഗോ സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ രാഹുൽ ഭാട്ടിയ പറഞ്ഞു. സമാന എതിർപ്പുമായി എയർ ഇന്ത്യയും രംഗത്തുവന്നു. പിന്നാലെയാണ് വിശദീകരണവുമായി അദാനി എന്റർപ്രൈസസും എത്തിയത്.