വിശദീകരണത്തിന് കൂടുതല്‍ സമയം തേടി എഡിജിപി അജിത് കുമാർ
ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചുവെന്ന പരാതിയിൽ വിശദീകരണം നൽകാൻ സമയം കൂട്ടി ചോദിച്ച് എഡിജിപി എം ആർ അജിത് കുമാർ. ഡിജിപിക്ക് ഇന്നലെ നൽകിയ മറുപടിയിലാണ് ആവശ്യം. രക്ഷാപ്രവർത്തന റിപ്പോർട്ട് നൽകുമ്പോൾ വയനാട്ടിലായിരുന്നുവെന്ന് എം ആർ അജിത് കുമാര്‍ പറയുന്നു. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കണ്ടിട്ടില്ലെന്നും അജിത് കുമാര്‍ വിശദീകരിക്കുന്നു. പല അന്വേഷണ ഉദ്യോഗസ്ഥരും ഓഫീസിൽ വരുമ്പോൾ കാണുക പതിവാണെന്നും എസ്ഐടിയുടെ കണ്ടെത്തലുകൾക്കെതിരെ എഡിജിപി മറുപടി നല്‍കി. യാത്ര വിവരങ്ങളുടെ പകർപ്പ് ഉൾപ്പെടെ നല്‍കിയാണ് മറുപടി. വിശദമായ മറുപടി തയ്യാറാക്കാനാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിൽ എ ഡി ജി പി യുടെ നേതൃത്വത്തിൽ അട്ടിമറി നടന്നെന്നാണ് കണ്ടെത്തൽ. കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എ ഡി ജി പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം എസ് ഐ ടിക്ക് മൊഴി നൽകിയിട്ടുണ്ട്. എ ഡി ജി പിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ് ഐ മാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തൽ.