എഡിജിപി എം.ആർ.അജിത്കുമാർ നിയമനടപടിക്ക്
ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്തതിനെതിരെ എഡിജിപി എം.ആർ.അജിത്കുമാർ നിയമനടപടിക്ക്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നാണു സൂചന. കേസിൽ താൻ ഇടപെട്ടിട്ടില്ലെന്നും നിരപരാധിയാണെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. ഈ മാസം 31നു ഡിജിപി റാങ്കിലേക്കു ലഭിക്കാനിരുന്ന സ്ഥാനക്കയറ്റം സസ്പെൻഷനിലായതോടെ നഷ്ടമായതും ട്രൈബ്യൂണലിൽ അദ്ദേഹം ചൂണ്ടിക്കാട്ടും.കേസന്വേഷിച്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ ഓഫിസിലേക്കു വിളിച്ചുവരുത്തി അന്വേഷണം അട്ടിമറിച്ചുവെന്ന് പറയപ്പെടുന്ന സമയത്ത് താൻ വയനാട്ടിലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. തനിക്കെതിരായ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നും അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളാണ് എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്ഐടി അന്വേഷിച്ചതെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ വിശദീകരണത്തിൽ അജിത്കുമാർ കുറ്റപ്പെടുത്തിയിരുന്നു.