വനിതാ സംവരണ ബില്ലിലെ ബിജെപിയുടെ ലക്ഷ്യം ചൂണ്ടിക്കാട്ടി അഖിലേഷ് യാദവ്
Apr 16, 2026, 16:08 IST
വനിതാ സംവരണ ബില്ലിൽ ബി ജെ പിയോടും കേന്ദ്ര സർക്കാരിനോടും ചോദ്യങ്ങളുമായി സമാജ് വാദി പാർട്ടി അധ്യക്ഷനും ലോക്സഭ എം പിയുമായ അഖിലേഷ് യാദവ്. രാജ്യത്തെ എത്ര സംസ്ഥാനങ്ങളിൽ ബി ജെ പി വനിതാ മുഖ്യമന്ത്രിമാർ ഉണ്ടെന്ന് ചോദിച്ച അഖിലേഷ്, ബി ജെ പി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് വനിതാ ബില്ലിനെ ഉപയോഗിക്കുന്നതെന്നും വിമർശിച്ചു. ബി ജെ പിയെ പോലെ അല്ല സമാജ് വാദി പാർട്ടി സ്ത്രീകൾക്ക് സംഘടനാപരമായ സ്ഥാനങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ ശക്‌തീകരണം സമാജ് വാദി പാർട്ടിയുടെ പ്രധാന പ്രത്യയശാസ്ത്രങ്ങളിൽ ഒന്നാണെന്ന് പറഞ്ഞ അഖിലേഷ്, എന്തിനാണ് വനിതാ ബില്ലിൽ സർക്കാരിന് ഇത്ര തിടുക്കമെന്നും ചോദിച്ചു. വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ വിമർശനം. ഭരണഘടനാ ഭേദഗതി ബിൽ (131-ാം ഭേദഗതി), ഡീലിമിറ്റേഷൻ ബിൽ 2026, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബിൽ എന്നിവയാണ് പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച ലോക്‌സഭ പരിഗണിച്ചത്.