കർണാടകയിലും; ഡി.കെ.ശിവകുമാറിനെ അനുകൂലിച്ച് പോസ്റ്ററുകൾ

 

കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിന്റെ പേരിലുള്ള അധികാരത്തർക്കം വീണ്ടും സജീവമാകുന്നു. ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ശിവകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ അനുയായികളാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്.
അഞ്ചു വർഷത്തെ ഭരണകാലയളവ് പകുതിയോടടുക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് നേതൃമാറ്റമോ മന്ത്രിസഭാ പുനഃസംഘടനയോ ഉണ്ടായേക്കുമെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്. നിരവധി കോൺഗ്രസ് എംഎൽഎമാരും നേതാക്കളും ശിവകുമാറിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത് പാർട്ടിയിലെ ഗ്രൂപ്പ് പോര് തീവ്രമാക്കിയിട്ടുണ്ട്. ‘അടുത്ത മുഖ്യമന്ത്രി ഡികെഎസ്’ എന്ന മുദ്രാവാക്യം ശിവകുമാർ അനുകൂലികൾ ഉയർത്തുമ്പോൾ, ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം.

അതേസമയം, കഴിഞ്ഞ മാസം ഈ വിഷയത്തിൽ പ്രതികരിച്ച ഡി.കെ. ശിവകുമാർ അധികാരത്തർക്കമെന്ന അഭ്യൂഹം തള്ളിക്കളഞ്ഞിരുന്നു. താനും മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ പൂർണമായി അനുസരിക്കുമെന്നും, അനുയോജ്യമായ സമയത്ത് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിഷയത്തിൽ നേരിട്ട് ഇടപെടുന്നുണ്ടെന്നാണ് വിവരം.