കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന്‍ നിയമനം: സ്‌റ്റേക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന്‍ നിയമനം സ്‌റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷന്റെ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിലാണ് നോട്ടീസ്. ഹൈക്കോടതികളിൽ റിട്ട് ഹർജി നല്‍കാന്‍ ഇഡിക്ക് അവകാശമുണ്ടോ എന്നും കോടതി പരിശോധിക്കും.
വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലും ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഇഡിക്ക് നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. നയതന്ത്ര സ്വർണ്ണക്കടത്തുകേസിൽ ഇഡിക്കെതിരായ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍, ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷന്‍ രൂപീകരിച്ചത്. 2020 മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ കേരളത്തിൽ നടത്തി വരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നത് പരിശോധിക്കാനെന്ന പേരിലായിരുന്നു നിയമനം. ഹൈക്കോടതി സിംഗിൾ ബെഞ്ചും പിന്നാലെ ഡിവിഷൻ ബെഞ്ചും കമ്മിഷന്‍റെ നടപടികള്‍ സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനിടെ കമ്മീഷന്റെ കാലാവധി നീട്ടുകയും ചെയ്തു.