നിർമിതബുദ്ധി , ബഹിരാകാശം, വിദ്യാഭ്യാസം; ഇന്തോനേഷ്യയുമായി കൈകോർത്ത് ഇന്ത്യ
ഇന്ത്യയും ഇൻഡൊനീഷ്യയും തമ്മിലുള്ള സാങ്കേതിക-വിദ്യാഭ്യാസ സഹകരണത്തിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലെയും യുവാക്കളെ ശാക്തീകരിക്കുന്നതിനും നിർമിതബുദ്ധി, ബഹിരാകാശ ഗവേഷണം തുടങ്ങിയ അത്യാധുനിക മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുമാണ് കരാറുകൾ ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഐ.ഐ.എം. ബെംഗളൂരുവിന്റെ ക്യാമ്പസ് ഇൻഡൊനീഷ്യയിൽ ആരംഭിക്കുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു.
ഇൻഡൊനീഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, ഇരുരാജ്യങ്ങളും പങ്കുവെക്കുന്ന ജനസംഖ്യാപരമായ നേട്ടങ്ങളും സാങ്കേതിക സഹകരണവും മോദി എടുത്തുപറഞ്ഞു. സുസ്ഥിര കൃഷി, കാർഷിക സാങ്കേതികവിദ്യ എന്നിവയിലെ മികച്ച രീതികൾ നാം പരസ്പരം കൈമാറും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടേതാണ്. ഇന്ത്യയും ഇൻഡൊനീഷ്യയും യുവത്വത്തിന്റെ ഊർജം നിറഞ്ഞ രാജ്യങ്ങളാണ്. നമ്മുടെ യുവാക്കൾക്ക് സാങ്കേതികവിദ്യയിൽ സ്വാഭാവികമായ കഴിവുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാനമായ കരാറുകളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ‘നിർമിതബുദ്ധി, ടെലികോം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ നമ്മുടെ യുവാക്കൾക്കിടയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന കരാറിൽ നാം ഒപ്പുവെച്ചു. സ്റ്റാർട്ടപ്പ് രംഗത്തെ സഹകരണം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ ഐ.ഐ.എം. ബെംഗളൂരുവിന്റെ ക്യാമ്പസ് ഇൻഡൊനീഷ്യയിൽ ആരംഭിക്കും. ഇത് മുഴുവൻ ആസിയാൻ മേഖലയിലെയും യുവാക്കൾക്ക് വലിയ നേട്ടമാകും’.
ബഹിരാകാശ ഗവേഷണ രംഗത്തും ഈ തന്ത്രപരമായ സഹകരണം വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയിൽ പതിറ്റാണ്ടുകളായി വിശ്വാസത്തിൽ അധിഷ്ഠിതമായ പങ്കാളിത്തം നമുക്കുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, സംയുക്ത ഗവേഷണം, സാങ്കേതിക വിനിമയം, ശേഷി വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.