മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്രക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

 

 

രാജ്യത്തെയാകെ ഉലച്ച ലഖിംപൂര്‍ ഖേരി ആക്രമണ കേസിൽ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്രക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. ജാമ്യവ്യവസ്ഥയിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

2021 ഒക്ടോബർ 3-നാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ടികൂനിയ ഗ്രാമത്തിൽ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ഷക സമരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയത്. കര്‍ഷക വിരുദ്ധമായ കേന്ദ്ര നിയമങ്ങൾക്ക് എതിരെയും അന്നത്തെ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിൽ പ്രതിഷേധിച്ചും കർഷകർ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. വണ്ടി ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നാല് കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിൽ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു ഡ്രൈവര്‍ക്കും ജീവൻ നഷ്ടമായി. കാര്‍ അഗ്നിക്കിരയാക്കി.