അയോധ്യ സംഭാവന തട്ടിപ്പ്: ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു
അയോധ്യ രാമക്ഷേത്ര സംഭാവന വെട്ടിപ്പ് കേസിൽ നിർണായക വഴിത്തിരിവ്. സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപയും സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും വകമാറ്റിയെന്ന അഴിമതി ആരോപണത്തിന് പിന്നാലെ, ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചു.
ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരും വെള്ളിയാഴ്ച രാജി സമർപ്പിച്ചത്. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി എസ്ഐടി കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും, മണിക്കൂറുകൾക്കകം പ്രതികളായ എട്ട് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം എന്നിവയിലെ കടുത്ത വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭണ്ഡാര പെട്ടികൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ വെരിഫിക്കേഷനിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയെന്ന് എസ്ഐടി കണ്ടെത്. അതീവ സുരക്ഷാ മേഖലകളിൽ സിസിടിവി നിരീക്ഷണ സംവിധാനം ദുർബലമായിരുന്നു.
പണം എണ്ണുന്നതിനായി കരാറടിസ്ഥാനത്തിൽ പുറത്തുനിന്നുള്ള ഏജൻസികളെയാണ് നിയോഗിച്ചിരുന്നത്. ഇവരുടെ മേൽനോട്ടത്തിൽ വലിയ അപാകതകൾ നടന്നു. ക്ഷേത്ര വളപ്പിൽ നിന്ന് ട്രസ്റ്റ് ഓഫീസിലേക്കും പിന്നീട് ബാങ്ക് നിക്ഷേപങ്ങളിലേക്കും പണം കൊണ്ടുപോകുന്ന പ്രക്രിയ സുതാര്യമായിരുന്നില്ല.