സംഭാവന തട്ടിപ്പ്: അയോധ്യ രാമക്ഷേത്രത്തിൽ ഭരണമാറ്റം
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദങ്ങൾക്കിടയിൽ ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലയിൽ നിർണ്ണായക മാറ്റം വരുത്തി ഉത്തർപ്രദേശ് സർക്കാർ. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെയും സാമ്പത്തിക കാര്യങ്ങളുടെയും പൂർണ്ണ ചുമതല അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ശശാങ്ക് ത്രിപാഠിക്ക് കൈമാറി.
ആർഎസ്എസുമായും സംഘപരിവാറുമായും അടുത്ത ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റാണ് ഇതുവരെ ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതും സംഭാവനകൾ കൈകാര്യം ചെയ്യുന്നതും ഈ ട്രസ്റ്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു. എന്നാൽ സംഭാവനയായി ലഭിക്കുന്ന പണത്തിലും മറ്റ് സാധനങ്ങളിലും വലിയ രീതിയിലുള്ള തിരിമറി നടക്കുന്നു എന്ന ആരോപണം ഉയർന്നതോടെയാണ് ട്രസ്റ്റിനെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിനിർത്താൻ സർക്കാർ തീരുമാനിച്ചത്.
ഏതാണ്ട് 200 കോടി രൂപയുടെ അഴിമതി ക്ഷേത്ര ഫണ്ടിൽ നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഈ വിവാദത്തിന് പിന്നിലുള്ളത്. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്. തുടർന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും 200 കോടിയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പല വസ്തുക്കളും കാണാതായിട്ടുണ്ടെന്നും പണത്തിന്റെ കാര്യത്തിൽ വലിയ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്.
ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിന് കൈമാറി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിച്ചത്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത അനുയായിയായ ടിനു യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ജില്ലാ മജിസ്‌ട്രേറ്റിന് ഭരണചുമതല കൈമാറിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നത്.