ബഹ്‌റൈൻ സായുധ സേന ഷൂട്ടിങ്, മിലിട്ടറി മാരത്തൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു
ബഹ്‌റൈൻ സായുധ സേനയുടെ ഷൂട്ടിങ്, മിലിട്ടറി മാരത്തൺ ചാമ്പ്യൻഷിപ്പുകൾക്ക് ആവേശകരമായ സമാപ്തി. ബഹ്‌റൈൻ നാഷനൽ ഗാർഡ് സ്ഥാപിതമായതിന്റെ 29-ാം വാർഷികത്തോടനുബന്ധിച്ച് സാഖിർ ഷൂട്ടിങ് റേഞ്ച് കോംപ്ലക്സിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സായുധ സേനയുടെ സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധാനം ചെയ്ത് നാഷനൽ ഗാർഡ് കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫ സമാപന ചടങ്ങിൽ പങ്കെടുത്തു.
റൈഫിൾ, പിസ്റ്റൾ, ഷോട്ട്ഗൺ വിഭാഗങ്ങളിലായി നടന്ന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും മിലിട്ടറി മാരത്തണിലും സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി തിളക്കമാർന്ന വിജയം നേടി. നാഷനൽ ഗാർഡ് കമാൻഡർ വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു. രാജാവിന്റെയും കിരീടാവകാശിയുടേയും പിന്തുണയോടെ നാഷനൽ ഗാർഡിന്റെ വിവിധ യൂണിറ്റുകൾ കൈവരിച്ച വികസനങ്ങളെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.
രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ സായുധ സേനാംഗങ്ങൾ നടത്തുന്ന പരിശ്രമങ്ങളെയും ത്യാഗങ്ങളെയും നാഷനൽ ഗാർഡ് കമാൻഡർ പ്രശംസിച്ചു. നാഷനൽ ഗാർഡ് വാർഷിക വേളയിൽ എല്ലാ അംഗങ്ങൾക്കും അദ്ദേഹം രാജാവിന്റെ ആശംസകൾ കൈമാറി. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.