വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫിൽ അളിയൻ: ബെന്നി തോമസിനെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കി
Jun 2, 2026, 12:44 IST
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്സനൽ സ്റ്റാഫിൽ ഭാര്യയുടെ സഹോദരനെ നിയമിച്ചു. ഇന്നലെ ൈവകിട്ടാണ് സ്റ്റാഫ് അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. ലിസ്റ്റ് വന്നപ്പോഴാണ് മന്ത്രിയുടെ അളിയനും സ്റ്റാഫിൽ ഇടംപിടിച്ചതായി അറിയുന്നത്. കണ്ണൂർ ഉളിക്കൽ സ്വദേശിയും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെയാണ് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. രണ്ട് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ ഉൾപ്പെടെ 13 പേരെയാണ് നിയമിച്ചത്. സ്റ്റാഫിൽ ബന്ധുനിയമനം നടത്തിയതിനെതിരെ എൽഡിഎഫ് രംഗത്തെത്തി.ബെന്നി നിലവിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയാണ്. സണ്ണിയും ബെന്നിയും ബന്ധുക്കൾ ആകുന്നതിന് മുമ്പേ കോൺഗ്രസ് പ്രവർത്തകരായിരുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്. ബെന്നി ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്, ഉളിക്കൽ സഹകരണ ബാങ്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സണ്ണി ജോസഫ് എംഎൽഎ ആയപ്പോൾ മുതൽ ഒപ്പം പ്രവർത്തിക്കുന്ന ആളാണ് ബെന്നി. പേരാവൂരിലെ കോൺഗ്രസ് പരിപാടികളുടെ മുഖ്യ സംഘാടകനുമാണ് ബെന്നിയെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം.