ബസിലെ ലൈംഗിക അതിക്രമ വീഡിയോ വിവാദത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി
ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിലെ സൈബർ വിചാരണയ്ക്കെതിരെ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വന്തം ജീവൻ നൽകേണ്ടി വരുന്നത് സങ്കടകരമാണെന്നും വീഡിയോ പങ്കുവെച്ച യുവതിക്കും അതിന് താഴെ വന്ന് അധിക്ഷേപിച്ചവർക്കും മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അവർ ആരോപിച്ചു.
വീഡിയോ എടുത്തവളല്ലേ പ്രതികരിക്കേണ്ടത്? ബസ് യാത്രയിൽ സ്ത്രീകൾ നേരിടുന്ന തോണ്ടലും മുട്ടലും വലിയ സങ്കടമാണെന്നും, എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം എന്താണ് പ്രതികരിക്കാൻ കാണിക്കാഞ്ഞതെന്ന് അവർ ചോദിക്കുന്നു. ഒരാൾ നമുക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ അത് പ്രകടമാകും. എന്നാൽ ഈ വീഡിയോയിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് ഉദ്ദേശിച്ചത് എന്നും ഭാഗ്യലക്ഷ്മി കുറിപ്പിൽ ചോദിച്ചു.
മൂഹ മാധ്യമങ്ങളിലെ ജഡ്ജിമാർ വൈറലാകാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചിലർക്കൊപ്പം സോഷ്യൽ മീഡിയയും ചേരുന്നതാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. കാള പെറ്റെന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. അയാൾ മരിച്ചില്ലായിരുന്നുവെങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. നിശബ്ദമായി പോയ ഒരു ജീവൻ വ്യക്തമായ ചോദ്യങ്ങളോ മറുപടിയോ പറയാൻ ദീപക്കിന് അവസരം നൽകാതെയാണ് സോഷ്യൽ മീഡിയ വിധി പ്രസ്താവിച്ചത്. ആ വ്യാപകമായ സൈബർ ആക്രമണം താങ്ങാനാവാതെയാണ് അയാൾ ജീവനൊടുക്കിയത്. അതുകൊണ്ട് തന്നെ വീഡിയോ പങ്കുവെച്ച യുവതിക്കും താഴെ വന്ന് തെറിവിളിച്ചവർക്കും ഈ മരണത്തിൽ പങ്കുണ്ടെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.