എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം

 

 

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്‍പ്പെടെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച വിഷയം പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍ ആണോ എന്ന ചോദ്യത്തിന് ബിനോയ് വിശ്വം കൃത്യമായി മറുപടി പറഞ്ഞില്ല.

കേസ് രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് വിഷയം പഠിച്ചുവരികയാണെന്നും സിപിഐ നിലപാട് പണ്ടേ പറഞ്ഞതാണെന്നും ഇടയ്ക്കിടെ അത് ആവര്‍ത്തിക്കില്ലെന്നുമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കേസും നടപടികളുമെല്ലാം അതിന്റെ വഴിക്ക് പോകട്ടേയെന്നും അദ്ദേഹം പറഞ്ഞു. ‘എല്‍ഡിഎഫിനെ സിപിഐഎമ്മിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ ഞങ്ങള്‍ നോക്കിനില്‍ക്കില്ല. ഈ വാക്യത്തില്‍ ഒന്നും മാറിപ്പോകരുത്. പ്രത്യേകം ശ്രദ്ധിക്കണം. സിപിഐഎമ്മിനെ, എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനില്‍ക്കില്ല’. ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ഇ ഡി കേസിനെ രാഷ്ട്രീയ വേട്ടയാടലായി കാണാമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയില്ലെന്നും അതൊക്കെ നിങ്ങള്‍ തീരുമാനിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.