കെ അണ്ണാമലൈയെ തഴഞ്ഞ് തമിഴ്നാട്ടിലെ ബി ജെ പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
Apr 3, 2026, 18:13 IST
മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ തഴഞ്ഞ് തമിഴ്നാട്ടിലെ ബി ജെ പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബി ജെ പി , അണ്ണാമലൈയുടെ വിശ്വസ്തരെയും തഴഞ്ഞു. അണ്ണാമലൈക്ക് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങൾ എ ഐ എ ഡി എം കെ ഏറ്റെടുത്തപ്പോൾ തന്നെ, ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ മത്സരിച്ചേക്കില്ലെന്ന സൂചനകൾ ഉണ്ടായിരുന്നു. കോയമ്പത്തൂരിൽ മത്സരിക്കാൻ അണ്ണാമലൈ ഒരുക്കമായിരുന്നെങ്കിലും ജില്ലയിൽ ബി ജെ പിക്ക് അനുവദിച്ച ഏക സീറ്റ് വാനതി ശ്രീനിവാസനാണ് നൽകിയത്. കേന്ദ്രമന്ത്രി എൽ മുരുകൻ അവിനാശിയിലും, സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സത്തൂരിലും, മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ മൈലാപ്പൂരിലും, കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന മുൻ എം എൽ എ വിജയധാരണി വിളവങ്കോടും മത്സരിക്കും. നിലവിൽ 4 എം എൽ എമാർ ആണ് ബി ജെ പിക്കുള്ളത്. ഇക്കുറി എൻ ഡി എ സഖ്യം അധികാരത്തലേറുമെന്ന് പറഞ്ഞുകൊണ്ടാണ് ബി ജെ പി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.