ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മിന്നും ജയം; 15 കോർപറേഷനും തൂത്തുവാരി, കോൺഗ്രസിന് വൻ തിരിച്ചടി

 
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ‌ബിജെപിക്ക് മിന്നുംജയം. 15 മുനിസിപ്പൽ കോർപറേഷനുകളും ബിജെപി വിജയിച്ചു. കോൺഗ്രസും ആം ആദ്മി പാർട്ടിയും വമ്പൻ തോൽവിയേറ്റു വാങ്ങി. മുൻസിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്തിലും ബിജെപി ആധിപത്യമുറപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സ്വന്തം സംസ്ഥാനത്തെ എല്ലാ കോർപേഷനുകളിലും 50 ശതമാനം വോട്ടുകളാണ് ബിജെപി സ്വന്തമാക്കിയത്. ഞായറാഴ്ചയാണ് ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. 15 കോർപറേഷനുകൾ, 84 മുൻസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം കോർപറേഷനിൽ 55.1 ശതമാനവും മുൻസിപ്പാലിറ്റികളിൽ 65.53 ശതമാനവും ജില്ലാ പഞ്ചായത്തുകളിൽ 66.64 ശതമാനവും താലൂക്കുകളിൽ 67.26 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഗുജറാത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായാണ് തദ്ദേശഫലം വിലയിരുത്തപ്പെടുന്നത്.