രാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽക്കൈ
രാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് മേൽക്കൈ. തെരഞ്ഞെടുപ്പ് നടന്ന 10,244 വാർഡുകളിൽ 10,235 വാർഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ബിജെപി 4,179 വാർഡുകൾ പിടിച്ചെടുത്തു. പ്രതിപക്ഷമായ കോൺഗ്രസിന് 3,614 വാർഡുകളിലാണ് വിജയം. 2,273 വാർഡുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ പിടിച്ചെടുത്തത് ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളിയായി. സ്വതന്ത്രന്മാരുടെ വിജയം പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണ-പ്രതിപക്ഷ പാർട്ടികൾക്ക് കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെടാനും കാരണമായി.
സംസ്ഥാനത്തെ 10 മുനിസിപ്പൽ കോർപറേഷനുകളിൽ നാലിടത്ത് ബിജെപി ഭരണം ഉറപ്പിച്ചു. ജയ്പൂർ, ഭിൽവാര, കോട്ട, ഉദയ്പൂർ എന്നിവിടങ്ങളിലാണ് ബിജെപി മേൽക്കൈ നേടിയത്. അൽവാർ മുനിസിപ്പൽ കോർപറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അതേസമയം ബിക്കാനീർ, അജ്മീർ കോർപറേഷനുകളിൽ 36 വർഷം നീണ്ട ബിജെപി ഭരണം കോൺഗ്രസ് അവസാനിപ്പിച്ചു. ബിക്കാനീറിലെ നോക്ക മുനിസിപ്പാലിറ്റിയിൽ ചരിത്രത്തിൽ ആദ്യമായി സിപിഎം ഭരണം പിടിച്ചെടുത്തു. 47 മുനിസിപ്പൽ കൗൺസിലുകളിൽ 11 ഇടത്ത് ബിജെപി വിജയിച്ചു. കോൺഗ്രസ് ആറിടത്തും മറ്റുള്ളവർ നാലിടത്തും വിജയിച്ചു. ഫത്തേപൂരിൽ കോൺഗ്രസും സ്വതന്ത്ര സ്ഥാനാർത്ഥിയും ഒപ്പത്തിനൊപ്പമെത്തി.
ഭജൻ ലാൽ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൻ്റെ ഭരണം മൂന്നു വർഷത്തോട് അടുക്കുമ്പോഴാണ് സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന് വേദിയായത്. ബിജെപിക്ക് മേൽക്കൈ നേടാനായെങ്കിലും സമ്പൂർണ ആധിപത്യം എന്ന പാർട്ടി ലക്ഷ്യം ഏറെ അകലെയാണ്. പകുതിയിൽ കൂടുതൽ വാർഡുകളിൽ പോലും പാർട്ടിക്ക് വിജയിക്കാനായില്ല. 2028ൽ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്.