ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ വിപുലീകരിക്കുന്നു; യാത്രക്കാരുടെ ശേഷി 65 ശതമാനം വർധിക്കും
ദുബായ് മെട്രോ ശൃംഖലയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷൻ വിപുലീകരിക്കുന്നു. സ്റ്റേഷന്റെ ശേഷി 65 ശതമാനം വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുസംബന്ധിച്ച് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) ഇമാർ പ്രോപ്പർട്ടീസും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ആഘോഷവേളകളിലും അവധി ദിവസങ്ങളിലും അനുഭവപ്പെടുന്ന വലിയ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ഈ വികസന പദ്ധതി.
പദ്ധതി പൂർത്തിയാകുന്നതോടെ സ്റ്റേഷന്റെ ആകെ വിസ്തീർണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി ഉയരും. നിലവിൽ മണിക്കൂറിൽ 7,250 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സ്റ്റേഷനിൽ ഇനി മുതൽ 12,320 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകും. ദിവസേന ഏകദേശം 2.2 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിധത്തിലാണ് നവീകരണം ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്റ്റേഷന്റെ കോൺകോഴ്‌സ്, പ്ലാറ്റ്‌ഫോം ഭാഗങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം കൂടുതൽ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കും. യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനായി പ്രത്യേക എൻട്രി, എക്സിറ്റ് ഗേറ്റുകൾ വരും. കൂടാതെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനായി കൂടുതൽ ഫെയർ ഗേറ്റുകളും (Fair Gates) സ്റ്റേഷനിൽ ഒരുക്കും. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിലേക്കും ഉയരമേറിയ കെട്ടിടത്തിലേക്കും എത്തുന്ന ലക്ഷക്കണക്കിന് സന്ദർശകർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.