മതാടിസ്ഥാനത്തില്‍ സ്ഥാനാർത്ഥികൾ; സര്‍ക്കുലറിനെതിരെ രൂക്ഷ വിമർശനവുമായി ശിവൻകുട്ടി

 

മതാടിസ്ഥാനത്തിലുള്ള ബിജെപിയുടെ സർക്കുലറിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാജയ ഭീതിയിൽ ബിജെപി എന്തും ചെയ്യുമെന്നും വർഗീയവാദികളായ ഹിന്ദുക്കളെയായിരുന്നു ബിജെപി ആദ്യം ലക്ഷ്യമിട്ടിരുന്നത്. മതേതരത്വം കേരളത്തിൽ ശക്തിയാർജിച്ചതോടെ ക്രിസ്ത്യാനികളെ പിടിക്കാൻ ശ്രമിക്കുന്നു, അധികാരമോഹികളായ ചില ക്രിസ്ത്യാനികളെ അവർക്ക് ലഭിക്കുന്നു. അധികാരമോഹികളായ പഴയ ഗവർണർമാരെ പോലുള്ള ചില മുസ്ലിമുകളെയും ബിജെപിക്ക് ലഭിക്കുന്നു. കേരളത്തിൽ വലിയ വേരോട്ടം ഒരിക്കലും ബിജെപിക്ക് ഉണ്ടാവില്ല എന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. മതംനോക്കി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ സംവരണം നല്‍കാനാണ് തീരുമാനം. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാനാണ് ബിജെപി സർക്കുലറില്‍ പറയുന്നത്. സർവ്വേ നടത്തിയാണ് മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർണയിക്കുന്നത്.