ചൂരൽമല പുനരധിവാസം: കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ നാളെ; രാഹുലും പ്രിയങ്കയും എത്തും
വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാളെ ഉച്ചയ്ക്ക് കൽപറ്റയിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി വീടുകളുടെ തറക്കല്ലിടൽ നിർവഹിക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും പരിപാടിയിൽ പങ്കെടുക്കും.
നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി, പേരാവൂരിലെ കർഷക സംഗമത്തിൽ പങ്കെടുത്ത ശേഷമാകും കൽപറ്റയിലേക്ക് തിരിക്കുക. പ്രിയങ്ക ഗാന്ധി രാവിലെ കളക്ടറേറ്റിൽ നടക്കുന്ന ദിശ (DISHA) യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 1:30-ന് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിനായുള്ള (RRT) നൂതന ഉപകരണങ്ങൾ അവർ കൈമാറും.
വെള്ളിയാഴ്ച കാളികാവ് സർവീസ് സഹകരണ ബാങ്കിന്റെ ലബോറട്ടറി ഉദ്ഘാടനം, കൈതപ്പൊയിൽ എം.ഇ.എസ് സ്‌കൂൾ രജത ജൂബിലി ആഘോഷം തുടങ്ങിയ ചടങ്ങുകളിലും പ്രിയങ്ക പങ്കെടുക്കും. കൂടാതെ ചിപ്പിലിത്തോട് ബൈപാസ് സ്ഥലം സന്ദർശിക്കാനും കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി സ്വദേശി കൂമന്റെ വസതി സന്ദർശിക്കാനും അവർക്ക് പരിപാടിയുണ്ട്. മുസ്ലീം ലീഗ് നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.