കശുവണ്ടി അഴിമതിക്കേസ്: കോടതിയെ കുറ്റപ്പെടുത്തുന്ന ഭാഗം ഒഴിവാക്കും, പുതിയ ഉത്തരവിറക്കാൻ സർക്കാർ

 

 

കശുവണ്ടി അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാരിനു തലവേദനയാകുന്നു. ഹൈക്കോടതിയുടെ സമ്മര്‍ദം മൂലമാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിബന്ധിതരായതെന്ന് വ്യവസായ വകുപ്പിന്റെ ഉത്തരവില്‍ ഉള്‍പ്പെട്ടതും കോടതിയില്‍ നല്‍കും മുന്‍പ് പ്രതിക്ക് ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതുമാണ് വിവാദമായത്. കോടതിയെ കുറ്റപ്പെടുത്തുന്ന ഭാഗം ഒഴിവാക്കി അടുത്ത ദിവസം സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കും. പുതുക്കിയ ഉത്തരവാകും കോടതിയിൽ സമർപ്പിക്കുക.

പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് ബുധനാഴ്ച രാത്രി തീരുമാനമെടുത്ത് വ്യാഴാഴ്ച രാവിലെയാണ് സര്‍ക്കാര്‍ ഉത്തരവ് കൊച്ചിയില്‍ അഡ്വക്കറ്റ് ജനറലിനു നല്‍കിയത്. ഉത്തരവിലെ വിവാദഭാഗങ്ങള്‍ ശ്രദ്ധയില്‍പെട്ട എജി അപകടം തിരിച്ചറിഞ്ഞു. ഹൈക്കോടതിയെ ശക്തമായി കുറ്റപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തരവ് കോടതിയില്‍ നല്‍കിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍ ഉത്തരവില്‍ കൃത്യത ഉറപ്പാക്കാന്‍ എജി ജെയ്ജു ബാബു 2 ദിവസത്തെ സാവകാശം തേടി. ഇത് അംഗീകരിച്ച കോടതി കേസ് അടുത്ത ബുധനാഴ്ചയിലേക്കു മാറ്റുകയും ചെയ്തു. ഇതിനിടയിലാണ് ഉച്ചയ്ക്കു തിരുവനന്തപുരത്തു വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ കേസിലെ രണ്ടാം പ്രതിയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍.ചന്ദ്രശേഖരന്‍ ഹൈക്കോടതി പരാമര്‍ശം മൂലമാണു വിചാരണാനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്ന ഉത്തരവിലെ ഭാഗം വായിച്ചത്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാത്ത പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് ചന്ദ്രശേഖരന്‍ മൊബൈല്‍ ഫോണില്‍ നോക്കി വായിക്കുകയായിരുന്നു. പ്രതികള്‍ക്ക് ഉള്‍പ്പെടെ ഉത്തരവില്‍ കോപ്പി വച്ചിട്ടുണ്ടെങ്കിലും പരാതിക്കാരനായ കടകംപള്ളി മനോജിനു പകര്‍പ്പ് നല്‍കിയിട്ടില്ല.