നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളത്തിലേക്ക്

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പർ കിട്ടിയെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ ലിസ്റ്റിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരും ഉണ്ടെന്നാണ് വിവരം. ഇതിനിടെ കോടതി മേൽനോട്ടത്തിൽ പുനപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയെത്തി. ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാൻ പോലീസിന്റെ പ്രത്യേക സംഘത്തിൽ നിന്ന് അന്വേഷണം ഇന്നലെ സിബിഐ ഏറ്റെടുത്തിരുന്നു. ജയ്പൂരിലെത്തിയ സിബിഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകൾ ശേഖരിച്ചു.

മാതൃകാ ചോദ്യപേപ്പർ എന്ന നിലയിൽ പ്രചരിച്ച ചോർത്തിയ ചോദ്യങ്ങൾ ആർക്കൊക്കെ കിട്ടി എന്നതിൽ രാജസ്ഥാൻ പൊലീസ് വിവരം ശേഖരിച്ചിരുന്നു. 200 വിദ്യാർത്ഥികളുടെയും 75 മാതാപിതാക്കളുടെയും വിവരങ്ങളാണ് രാജസ്ഥാൻ പോലീസ് ശേഖരിച്ചത്. ഇതിൽ ചിലരെ പോലീസ് ചോദ്യം ചെയ്തു. ഈ രേഖകൾ അടക്കമാണ് സിബിഐക്ക് കൈമാറിയത്. കൈമാറിയ രേഖയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ള ചില വിദ്യാർത്ഥികൾക്കും മാതൃക ചോദ്യപേപ്പർ കിട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇവരെ സിബിഐ ചോദ്യം ചെയ്തേക്കും. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി വഴിയാണ് സിക്കറിലേക്ക് ആദ്യഘട്ടത്തിൽ ചോർത്തിയ ചോദ്യപേപ്പർ എത്തിയത്.