ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നു ഹൈക്കോടതി
കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നു ഹൈക്കോടതി. പേറ്റന്റ് നിയമത്തിലെ 100ാം വകുപ്പ് പ്രകാരം ഇത്തരം മരുന്നകള്‍ നേരിട്ടോ മറ്റ് ഏജന്‍സികള്‍ വഴിയോ നിര്‍മിച്ച് ലാഭേച്ഛയില്ലാതെ വില്‍ക്കാന്‍ സര്‍ക്കാരിന് കഴിയും. പേറ്റന്റ് പൊതുജനാരോഗ്യ സംരക്ഷണ അവകാശത്തിനു വിധേയമാണെന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ പറഞ്ഞു. സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള 'റിബോസിക്ലിബ്' മരുന്നിന്റെ അമിത വില ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി തീര്‍പ്പാക്കി.
തൃപ്പൂണിത്തുറ സ്വദേശിയായ റിട്ട. ബാങ്ക് ജീവനക്കാരി സരോജമാണ് അര്‍ബുദബാധയെ തുടര്‍ന്നു ഈ വിഷയം 2022ല്‍ കോടതിയിലെത്തിച്ചത്. അന്ന് 21 ദിവസത്തെ മരുന്നിന് 58,140 രൂപയായിരുന്നു ചെലവ്. കേസ് നടക്കുന്നതിനിടെ ഇവര്‍ മരിച്ചെങ്കിലും കോടതി സ്വമേധയാ നടപടി തുടര്‍ന്നു. ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനും മറ്റു ചില രോഗികളും കക്ഷി ചേര്‍ന്നു.
അമിത വില കാരണം അവശ്യ മരുന്നുകള്‍ കിട്ടാത്തവരുടെ ഡാറ്റ ശേഖരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പേറ്റന്റ് നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. 2024ല്‍ രാജ്യത്ത് 80,000 പേര്‍ സ്താനാര്‍ബുദം ബാധിച്ച് മരിച്ചെന്നു അമിക്കസ് ക്യൂറി അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെ അറിയിച്ചു. ചികിത്സാച്ചെലവിന്റെ 36 ശതമാനവും മരുന്നിന്റേതാണ്. 40 ശതമാനം പേരും കടം വാങ്ങിയാണു ചികിത്സിക്കുന്നതെന്നും പറഞ്ഞു.