ഇന്ത്യയിൽ വിപിഎന്നിന് നിയന്ത്രണ മേർപ്പെടുത്താൻ കേന്ദ്രം
ഇന്ത്യയിൽ വിപിഎന്നിന് നിയന്ത്രണ മേർപ്പെടുത്താൻ കേന്ദ്രം. വിപിഎൻ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായുളള പുതിയ നിയമം നടപ്പിലാക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.നിരോധിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് നിർത്തലാക്കാനാണ് ഈ നീക്കം. വിപിഎൻ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഓഫിസ് തുറക്കേണ്ടി വരുമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന തീരുമാനം. മാത്രവുമല്ല അന്വേഷണ ഏജൻസികളുമായും സർക്കാരുമായും സഹകരിക്കുന്നതിനായി പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ കമ്പനികൾ ഇന്ത്യയിൽ തന്നെ നിയമിക്കണം. നിയമം പാലിക്കാൻ തയ്യാറായില്ലെങ്കിൽ പ്രാദേശിക ജീവനക്കാർക്ക് ജയിൽശിക്ഷ ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ നേരിടേണ്ടി വരും.
കുറഞ്ഞത് അഞ്ചുവർഷത്തേക്കെങ്കിലും ഉപയോക്താക്കളുടെ വിവരങ്ങൾ (പേര്, ഇമെയിൽ, ഫോൺ നമ്പർ, ഐപി അഡ്രസ് എന്നിവ) സൂക്ഷിക്കാൻ 2022-ൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം വിപിഎൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനിയുടെ സ്വകാര്യതാ നയങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രോട്ടോൺ വിപിഎൻ, എക്സ്പ്രസ് വിപിഎൻ, നോർഡ് വിപിഎൻ തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഇന്ത്യയിലെ ഫിസിക്കൽ സെർവറുകൾ പിൻവലിക്കുകയായിരുന്നു.