സ്‌കൂൾ സമയമാറ്റം; മതസംഘടനകൾക്ക് വഴങ്ങരുതെന്ന് ബിജെപി
സ്‌കൂൾ സമയമാറ്റത്തിൽ മതസംഘടനകൾക്ക് വഴങ്ങരുത് ബിജെപി. ചർച്ച നടത്തുന്നത് തന്നെ തെറ്റാണ്. സംസ്ഥാന സർക്കാർ നിലപാട് മാറ്റിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി അറിയിച്ചു. സ്‌കൂളുകളുടെ സമയം നിശ്ചയിക്കേണ്ടത് മതസംഘടനകൾ അല്ലെന്നും ബിജെപി പ്രതികരിച്ചു.
സ്‌കൂൾ വിദ്യാർത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ചർച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാർ തീരുമാനം.
പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് പ്രധാനമായും കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.