ഇറാനിയൽ കപ്പൽ ആക്രമണത്തോടനുബന്ധിച്ച് കേന്ദ്രത്തിന്റെ പ്രതികരണം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 

ഇറാനിയൽ കപ്പൽ ആക്രമണത്തോടനുബന്ധിച്ച് കേന്ദ്രത്തിന്റെ പ്രതികരണം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 25ന് നമ്മുടെ രാജ്യത്ത് നടന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ യുദ്ധക്കപ്പൽ മാർച്ച് 4ന് ആക്രമിക്കപ്പെടുകയും നിരവധി നാവികർ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവകരമാണ്. നമ്മുടെ അതിഥികളായി എത്തി സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്ത കപ്പൽ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ പോലും ‘രാജ്യത്തിന്റെ അതിഥിയല്ല’ എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാരിന്റെ പ്രതികരണം പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു.

നമ്മുടെ സമുദ്രമേഖലയ്ക്ക് സമീപം നടന്ന ഈ സംഭവം അന്താരാഷ്ട്ര മര്യാദകളുടെ ഗുരുതരമായ ലംഘനമാണ്. ഇന്ത്യൻ മഹാസമുദ്രത്തെ യുദ്ധക്കളമാക്കി മാറ്റുന്ന ഇത്തരം നടപടികൾ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നു. ഇത്രയും ഗൗരവമുള്ള വിഷയങ്ങളിൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അദ്ദേഹം നയിക്കുന്ന കേന്ദ്ര സർക്കാരോ ഇതുവരെ വ്യക്തമായ പ്രതികരണം നടത്താത്തത് ശരിയായ സമീപനമല്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന
'പശ്ചിമേഷ്യയിൽ രൂപപ്പെട്ടിരിക്കുന്ന സംഘർഷസ്ഥിതി അതീവ ആശങ്കാജനകമാണ്. അമേരിക്ക–ഇസ്രായേൽ അച്ചുതണ്ടിന്റെ തുടർച്ചയായ സൈനിക നടപടികളും അതിന് മറുപടിയായി ഉയരുന്ന ഇറാന്റെ പ്രത്യാക്രമണ ശ്രമങ്ങളും മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കുകയാണ്. ഇത് ലോകസമാധാനത്തിനും അന്താരാഷ്ട്ര സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ്.