കരിമണൽ സ്വകാര്യവത്കരണത്തേക്കുറിച്ച് ബജറ്റിൽ പറയുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

 

 

 

കരിമണൽ സ്വകാര്യവത്കരണത്തേക്കുറിച്ച് ബജറ്റിൽ പറയുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എവിടെയാണ് ബജറ്റിൽ അത്തരമൊരു വാചകമെന്നും പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ബജറ്റിലെ ഉള്ളടക്കം സംബന്ധിച്ച വിമർശനങ്ങൾക്ക് സഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കരിമണൽ ഖനനത്തിൽ യു ടേൺ ഇല്ല. കേന്ദ്ര-സംസ്ഥാന സംയുക്ത സംരഭമാണ് നടപ്പാക്കുന്നത്. ക്രിട്ടിക്കൽ മിനറൽ കോറിഡോർ സ്വകാര്യ മേഖലയല്ല. കരിമണൽ ഖനനം ഇല്ല, വാല്യു അഡിഷൻ മാത്രമാണ് നടത്തുക. അതിൽ കോടികളുടെ ലാഭമാണ് ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ബജറ്റിൽ എവിടെയെങ്കിലും കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച് ഒരു വാചകം ഉണ്ടോ? എന്തൊരു ആഘോഷമാണ്. ഒരു സ്ഥാപനവും സ്വകാര്യവത്കരിക്കില്ല. എവിടെയാണ് എഴുതിവെച്ചിരിക്കുന്നത്. ബജറ്റിൽ ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് ചർച്ച. ഞങ്ങൾക്ക് കൃത്യമായ നയമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നവരല്ല ഞങ്ങൾ. കെഎസ്ആർടിസിയെ ഞങ്ങൾ സ്വയം പര്യാപ്തമാക്കും. സർക്കാർ സബ്സിഡി കൊടുക്കാതെ സിവിൽ സപ്ലൈസ് കോർപ്പറേഷനെ ഞങ്ങൾ സ്വയം പര്യാപ്തമാക്കും. സപ്ലൈ ചെയിൻ മാനേജ്മെന്റ് മോഡലിൽ സംഭരണം നടത്തും. ലാഭമുണ്ടാക്കും', മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത രീതിയിൽ അവതരിപ്പിക്കപ്പെട്ട ബജറ്റല്ല അവതരിപ്പിച്ചതെന്നും ഇതിന് മുമ്പുള്ള യുഡിഎഫ് സർക്കാരുകളും എൽഡിഎഫ് സർക്കാരുകളും അവതരിപ്പിച്ച രീതിയല്ല അവലംബിച്ചിട്ടുള്ളതെന്നും സതീശൻ പറഞ്ഞു. കാലം മാറി, ലോകം മാറി. കാലഹരണപ്പെട്ട കാര്യങ്ങളെ ബജറ്റിൽനിന്ന് മാറ്റിനിർത്തി. നോളജ് എക്സ്പ്ലോഷൻ നടക്കുന്ന ഈ കാലഘട്ടത്തിൽ കേരളത്തിന്റെ സാധ്യതകൾ എന്താണ് എന്ന് പരിശോധിച്ച്, നമ്മുടെ പോരായ്മകളും മേന്മകളും കൃത്യമായി പരിശോധിച്ചാണ് ബജറ്റ് തയ്യാറാക്കിയത്. ഇതൊരു ഫ്യൂച്ചറിസ്റ്റിക് ബജറ്റാണ്. കേരളം ഭാവിയിൽ എന്ത് ചെയ്യണം എന്ന് കൃത്യമായ ദിശാബോധം നൽകുന്ന രീതിയിലാണ് ബജറ്റ് അവതരിപ്പിച്ചത്. അതോടൊപ്പം, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി പ്രതിഫലിക്കുന്ന ബജറ്റുമാണ് ഇത്, സതീശൻ പറഞ്ഞു.