ജാതി-മത വേർതിരിവുകൾ ഇല്ലാത്ത മാതൃകാ കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

 
ശ്രീനാരായണ ഗുരുദേവൻ സ്വപ്നം കണ്ട, ജാതി-മത വേർതിരിവുകൾ ഇല്ലാത്ത മാതൃകാ കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വർക്കല ശിവഗിരി മഠത്തിലെ മഹാസമാധിയിൽ എത്തി പ്രാർത്ഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി നടത്തിയ ഈ പ്രസ്താവനയെ മഠാധിപതി സ്വാമി സച്ചിദാനന്ദ കയ്യടിച്ചാണ് സ്വീകരിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും കാഴ്ചപ്പാടുകളും സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു മാതൃകാ സംസ്ഥാനമായി കേരളത്തെ നിലനിർത്താൻ സമൂഹത്തിന് എന്നും വഴികാട്ടിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിഡി സതീശന്റെ ആദ്യ ശിവഗിരി സന്ദർശനമായിരുന്നു ഇത്. ശിവഗിരി മഠം മഠാധിപതി സ്വാമി സച്ചിദാനന്ദ, മഠം ഭരണസമിതിയിലെ മറ്റ് ഭാരവാഹികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലളിതവും എന്നാൽ ശക്തവുമായ വാക്കുകളിലൂടെ വലിയൊരു സാമൂഹിക ഉണർവാണ് ഗുരുദേവൻ സമൂഹത്തിൽ സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.