അപകടത്തിൽപ്പെട്ട യുവാവിന് തുണയായി മുഖ്യമന്ത്രി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
Sep 20, 2026, 20:58 IST
കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ മുളവുകാട് സ്വദേശി ആൽഫി പെരേരയ്ക്ക് രക്ഷകനായി മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചിയിലെ പൊതുപരിപാടിക്ക് ശേഷം മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലായിരുന്നു അപകടം.
റോഡിൽ വീണുകിടന്ന യുവാവിനെ കണ്ടതോടെ വാഹനം നിർത്തി പുറത്തിറങ്ങിയ മുഖ്യമന്ത്രി, പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. തന്റെ പൈലറ്റ് വാഹനങ്ങളിലൊന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കാൻ നൽകിയ ശേഷം, സുരക്ഷാ അകമ്പടിയില്ലാതെയാണ് അദ്ദേഹം യാത്ര തുടർന്നത്. അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടൂരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.