വാർത്തകൾ നീക്കംചെയ്യിക്കാൻ തനിക്ക് മെറ്റയിൽ യാതൊരു സ്വാധീനവുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

 

സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകളും വാർത്തകളും അപ്രത്യക്ഷമാകുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ. തന്നെ വിമർശിച്ചുകൊണ്ട് വരുന്ന പോസ്റ്റുകൾ പോലും നീക്കംചെയ്യരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് മെറ്റയ്ക്ക് കത്തെഴുതാൻ താൻ തയ്യാറാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. വാർത്തകൾ നീക്കംചെയ്യിക്കാൻ തനിക്ക് മെറ്റയിൽ യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ നീക്കംചെയ്യുന്നതിന് പിന്നിൽ താനാണെന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ 'CMO Kerala' ലഭ്യമാക്കിത്തരണം എന്നകാര്യം മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടത്. റിക്വസ്റ്റ് നൽകിയിട്ട് രണ്ടു മാസമായെന്നും എന്നാൽ മെറ്റ ഇതുവരെ അത് ശരിയാക്കി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ഞാൻ പറഞ്ഞിട്ടാണ് മെറ്റ ഇതെല്ലാം റിമൂവ് ചെയ്യുന്നത് എന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പോലും മെറ്റ നീക്കംചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ മത്സ്യത്തൊഴിലാളി മേഖലയിൽ ഇടപെട്ടതിനെ അഭിനന്ദിച്ചുകൊണ്ടുള്ള തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗവും കെ.സി.ബി.സി.യുടെ പോസ്റ്റും ഇത്തരത്തിൽ നീക്കംചെയ്യപ്പെട്ടു. കേരളത്തിൽ മാത്രമല്ല, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പോസ്റ്റുകളും നീക്കംചെയ്യപ്പെടുന്നുണ്ടെന്നും ഇത് മെറ്റയുടെ പോളിസിയിൽ വന്ന മാറ്റമാകാമെന്നും അദ്ദേഹം പറഞ്ഞു.