സിയാൽ വിവരാവകാശത്തിന്റെ പരിധിയിൽ വരും; ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

 
കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി (സിയാൽ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. സിയാൽ പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്നുമുള്ള ഹൈക്കോടതി വിധിക്ക് എതിരായ ഹർജി തള്ളി. ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹർജി തള്ളിയത്. ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് നൽകണമെന്ന്‌ വിവരാവകാശ കമ്മിഷൻ 2019 ജൂൺ 20-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സിയാൽ കേരള ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സിയാലിന്റെ വാദം. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സിയാലിന്റെ വാദം തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് സിയാൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സിയാൽ ബോർഡ് മീറ്റിങ്ങിന്‍റെ അജണ്ട ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ച എം.ആർ. അജയനുവേണ്ടി അഭിഭാഷകരായ ആർ. വെങ്കിട്ടരാമൻ, എം.കെ. അശ്വതി എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. സിയാലിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി, എ കാർത്തിക് ഹാജരായി.