ജന്തർ മന്ദറിൽ സിജെപി പ്രതിഷേധം, ദീപ്കെ വേദിയിൽ; തടിച്ചൂകൂടി നിരവധിപേർ

 

പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) പ്രതിഷേധം. രാംലീല മൈതാനത്ത് രാവിലെ പത്തുമണിയോടെ ആരംഭിച്ച സമരത്തിൽ പങ്കെടുക്കാൻ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽനിന്ന് ആളുകളെത്തി.

പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകാനായി സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്‌കെ യു.എസിൽനിന്ന് ശനിയാഴ്ച രാവിലെയാണ് ഡൽഹിയിലെത്തിയത്. അംബേദ്കറുടെ പുസ്തകം കൈയിൽ കരുതിയാണ് അദ്ദേഹം വിമാനത്താവളത്തിൽനിന്ന് പുറത്തെത്തിയത്.

നീറ്റ്, സി.യു.ഇ.ടി., സി.ബി.എസ്.ഇ.,എസ്.എസ്.സി. പരീക്ഷാ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് ധർമേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്നാണ് പ്രതിഷേധത്തിനെത്തിയവർ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ. വിദ്യാർഥികൾ, യുവാക്കൾ, രക്ഷിതാക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ജന്തർ മന്ദറിലെത്തിയത്. കോക്രോച്ച് മാസ്‌കും പൂക്കളും കൈയിലേന്തിയാണ് സമരം.

പ്രതിഷേധത്തെ പിന്തുണച്ച് പ്രമുഖ ആക്ടിവിസ്റ്റ് സോനം വാങ് ചുക്ക് രംഗത്തെത്തി. ദീപ്‌കെയ്‌ക്കെതിരേ നടപടി സ്വീകരിച്ചാൽ ആറാഴ്ച നിരാഹാര സമരമിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുസ്തകവും ത്രിവർണ പതാകയുമായി സമരത്തിനെത്തണമെന്ന് ദീപ്‌കെ ട്വീറ്റ് ചെയ്തിരുന്നു. കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി പോലീസുകാർക്ക് പൂക്കൾ സമർപ്പിക്കണം. സമരം സമാധാന പൂർണമായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് ധർമേന്ദ്ര പ്രധാന്റെ വസതി ഉൾപ്പെടെ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കി. ഡൽഹി വിമാനത്താവളം, അതിർത്തി പ്രവേശന കവാടങ്ങൾ, മറ്റു പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോലീസ് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

പാർട്ടിയുടെ ആദ്യ പരസ്യപ്രതിഷേധമാണിത്. സമരത്തിന് എസ്.എഫ്.ഐ. ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.