പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി; കർശന നടപടിക്ക് നിർദേശം
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ. പരാതിയിൽ കർശന നടപടിയെടുക്കാൻ വിഡി സതീശൻ നിർദേശം നൽകി. പരാതി ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു. വ്യാജ വാർത്തകൾക്കെതിരെ പികെ ശ്രീമതി പരാതി നൽകിയിരുന്നു. വ്യാജ വാർത്തകളിൽ മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും പികെ ശ്രീമതി പ്രതികരിച്ചിരുന്നു.
വാർത്ത നൽകിയ പലരും വിളിച്ചുവെന്നും കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞതായും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്, ബിജെപി നേതാക്കൾ വിളിച്ചു പിന്തുണ അറിയിച്ചിരുന്നുവെന്നും പികെ ശ്രീമതി അറിയിച്ചു. കോൺഗ്രസ് നേതാവ് പിടി തോമസ് മുൻപ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്ന് രോഗമായതിനാൽ നിയമ നടപടി എടുത്തില്ല. സൈബർ ഇടത്ത് മോശം വാക്കുപയോഗിച്ചു നടത്തുന്ന പോർ വിളികളും എല്ലാവരും നിർത്തണമെന്നും പികെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ദിവസം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പികെ ശ്രീമതി വിതുമ്പിക്കരഞ്ഞിരുന്നു.
പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നു. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു എന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി പറഞ്ഞു.