യുഡിഎഫിനും ആർഎസ്എസ്-എസ്ഡിപിഐ കൂട്ടുകെട്ടിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

 

തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ യുഡിഎഫിനും ആർഎസ്എസ്-എസ്ഡിപിഐ കൂട്ടുകെട്ടിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ പരിഹാസ പാരഡി പാട്ടിനെ കുറിച്ചും കൊല്ലത്തെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയെന്ന ആരോപണങ്ങളെക്കുറിച്ചും മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടുള്ള പാരഡി പാട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, "അതിന് എന്നെക്കൊണ്ട് തന്നെ മറുപടി പറയിക്കണോ?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. കട്ടവർ എങ്ങനെ സ്വന്തം വീട്ടിൽ എത്തി എന്ന് ആലോചിച്ചാൽ മതിയെന്നും പിണറായി പറഞ്ഞു. അനായാസ വിജയം പ്രതീക്ഷിച്ച യുഡിഎഫിന് ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ലെന്ന് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് പുകമറകൾ സൃഷ്ടിക്കാൻ നോക്കുന്നത്.

എസ്ഡിപിഐ സഹകരണത്തിൽ 'ഒറ്റച്ചങ്ങായിമാരായി' നടക്കുന്നത് ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. കട്ടവർ എങ്ങനെ സ്വന്തം വീട്ടിലെത്തി എന്ന് ആലോചിച്ചാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു. മതവാദികളുടെ വോട്ട് വേണ്ടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഓരോ പാർട്ടിക്കും ഓരോ നിലപാടാണെന്നും വേണമെങ്കിൽ അദ്ദേഹത്തോട് അത് എഴുതി വാങ്ങി പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊല്ലത്തെ വാർത്താസമ്മേളനത്തിനിടെ എഴുന്നേറ്റുപോയതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. തെരഞ്ഞെടുപ്പ് തിരക്ക് പ്രമാണിച്ച് 30-40 മിനിറ്റ് സംസാരിക്കുക എന്നതാണ് രീതി. ആര് ചോദിക്കുന്നു എന്ന് നോക്കിയല്ല താൻ മറുപടി നൽകുന്നത്. സമയം ദീർഘിച്ചപ്പോൾ എഴുന്നേറ്റതാണ്. എന്നാൽ പിന്നിൽ വലിയ ബഹളം ഉണ്ടായപ്പോൾ കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് നല്ലതെന്ന് തോന്നി തിരിച്ചു വന്നതാണ്. ചില ആളുകൾ ബഹളത്തിന് തയ്യാറായിട്ടാണ് വരുന്നത്. നിങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാൻ എനിക്ക് പറ്റില്ലല്ലോ, - മുഖ്യമന്ത്രി വ്യക്തമാക്കി. കാര്യങ്ങളെ എങ്ങനെ വക്രീകരിക്കാം എന്നതിന്റെ തെളിവാണ് ഈ വിവാദങ്ങളെന്നും ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.