മന്ത്രിമാരുടെ വിദേശ യാത്രയേയും മന്ത്രി കെഎം ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി

 

 

മന്ത്രിമാരുടെ വിദേശ യാത്രയേയും മന്ത്രി കെഎം ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി വിഡി സതീശൻ. പുതിയ വണ്ടി വാങ്ങേണ്ട എന്നാണ് തീരുമാനമെന്ന് വിഡി സതീശൻ പറഞ്ഞു. മന്ത്രിമാർ തന്റെ അനുമതിയോടെയാണ് യാത്ര പോയത്. വിദേശയാത്രക്ക് ഞാനാണ് പോയി വാ എന്ന് പറഞ്ഞത്. യാത്രയിൽ സർക്കാരിന് ചെലവില്ല. ഇടത് കാലത്തെ യാത്ര കണക്ക് വായിക്കാൻ തുടങ്ങിയാൽ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവ‍ത്തകരുടെ ചോദ്യത്തിൽ അസംതൃപ്തനായ സതീശൻ മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കിൽ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്ത് തെറ്റെന്നാണ് സതീശന്റെ ചോദ്യം.